എമ്പുരാൻ കണ്ടപ്പോൾ തോന്നിയത്, പൃഥ്വിരാജിനെ ഒന്ന് ഹഗ് ചെയ്യണം

എമ്പുരാൻ കണ്ടു, 

വെട്ടിമാറ്റാൻ പോകുന്നു എന്നറിഞ്ഞപ്പോൾ പെട്ടെന്ന് പോയി കണ്ടതാണ്.

സിനിമ എന്ന നിലയിലുള്ള എന്റർടൈൻമെന്റ് ഫാക്ടറിനെക്കുറിച്ചോ മേക്കിങ്ങിൽ കാണിച്ച അന്താരാഷ്ട്ര നിലവാരത്തെക്കുറിച്ചോ ആ രംഗത്തെ സൂക്ഷ്മമായി വിലയിരുത്താൻ കഴിവുള്ളവർ പറയട്ടെ, ഒരു സാധാരണ പ്രേക്ഷകനെന്ന നിലയിൽ സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ മനസ്സിൽ വന്നത് പൃഥിരാജിനെ ഒന്ന് ഹഗ് ചെയ്യണമെന്ന അതിയായ ആഗ്രഹമാണ് ❤️.

മറ്റൊന്നുകൊണ്ടുമല്ല, 

വെറുപ്പിന്റെ രാഷ്ട്രീയത്തിനും അതിന്റെ വ്യാപനത്തിനും വേണ്ടി ചരിത്രത്തെ വളച്ചൊടിച്ചും ഫേക്ക് നറേറ്റീവുകൾ സൃഷ്ടിച്ചും സിനിമ പിടിക്കാൻ മത്സരം നടക്കുന്ന ഒരു കാലത്ത് വർത്തമാന ഇന്ത്യ എത്തിപ്പെട്ട പകയുടെ രാഷ്ട്രീയത്തിന്റെ നാൾവഴികളെ ധീരതയോടെ തുറന്ന് കാട്ടിയതിന്.

ഗുജറാത്ത് കലാപത്തിന്റെ രൂക്ഷതയും അതിന്റെ രാഷ്ട്രീയധാരയും തുറന്ന് കാട്ടിയ ആദ്യത്തെ അര മണിക്കൂർ ഉണ്ടല്ലോ, എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.. ഈ കെട്ട കാലത്ത് ഇത്രമാത്രം ധീരതയോടെ ഒരു ചെറുപ്പക്കാരന് സിനിമ പിടിക്കാൻ കഴിയുമോ? ഭയത്തിന്റെ രാഷ്ട്രീയം ഇന്ത്യയെ മുഴുവൻ മൂടിത്തുടങ്ങുന്ന ഒരു ഘട്ടത്തിൽ പ്രത്യേകിച്ചും..

സംഘികൾ മുട്ടിന് തീ പിടിച്ച പോലെ ഓടുന്നത് വെറുതെയല്ല, അത്രമാത്രം ധീരത ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ പൃഥ്വിരാജ് കാണിച്ചിരിക്കുന്നു,

ഇനി വെട്ടുകയോ മാറ്റുകയോ എന്തും ചെയ്യട്ടെ, വിവാദം കത്തുന്ന പശ്ചാത്തലത്തിൽ സിനിമക്ക് പണം മുടക്കിയ നിർമാതാക്കൾക്ക് അവരുടെ തീരുമാനം നടപ്പിലാക്കാം, പക്ഷേ ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ അത്യധികം ശ്രദ്ധിക്കപ്പെടുന്ന ധീരതയുടെ ഒരു അടയാളപ്പെടുത്തൽ നടത്തിക്കഴിഞ്ഞു, അതിനയാളെ ഇപ്പോൾ അഭിനന്ദിച്ചില്ലെങ്കിൽ ഒന്ന് ഹഗ് ചെയ്തില്ലെങ്കിൽ മറ്റെപ്പോൾ നാമത് ചെയ്യും. എത്ര വെട്ടിയാലും മായാത്ത വിധം സിനിമയിലുടനീളം അതിന്റെ അവസാനരംഗം വരെ ആ കലാപ നാളുകളുടെ രാഷ്ട്രീയമുണ്ട്, അത് ആ സിനിമ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയമാണ്. 


എല്ലാറ്റിലുപരി പൃഥ്വിരാജ് എന്ന ഫിലിം മേക്കറെ ഉള്ളു തുറന്ന് അഭിനന്ദിക്കാൻ തോന്നുന്നത് രാജ്യം ഭരിക്കുന്നവർ ഓർക്കാനും ഓർമിപ്പിക്കാനും മടിക്കുന്ന ആ ഭീകര വംശഹത്യയുടെ താണ്ഡവങ്ങൾക്ക് സമ്പൂർണ്ണമായി ഇരയായ ഒരു കുടുംബത്തിന്റെ അവശേഷിക്കുന്ന ഏക കണ്ണിയായ ആ കഥാപാത്രത്തെ സ്വയം ഏറ്റെടുക്കാൻ തയ്യാറായ ചങ്കൂറ്റമാണ്, സംഘപരിവാരത്തിന്റെ മുഴുവൻ പൊങ്കാലയും ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയുന്ന ആ കഥാപാത്രത്തെ സ്വയം അവതരിപ്പിച്ചു കൊണ്ട് തികഞ്ഞ നിശ്ചയദാർഢ്യത്തോടെ തന്നെയാണ് പൃഥിരാജിലെ ഫിലിം മേക്കർ ഈ സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. 

ഇത്തരമൊരു പ്രമേയത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറായ മോഹൻലാലിനും  കൃത്യമായ രാഷ്ട്രീയം പറയുന്ന ഈ തിരക്കഥക്ക് രൂപം നൽകിയ മുരളി ഗോപിക്കും അപ്പുറം പൃഥ്വിരാജ് എന്ന ഫിലിം മേക്കറോടാണ് ഈ സിനിമ ആത്യന്തികമായി കടപ്പെട്ടിരിക്കുന്നത്. 

പ്രിയ പൃഥ്വിരാജ്, താങ്കൾ ചെയ്തത് ഒരു ചരിത്ര ദൗത്യമാണ്, ഭീരുക്കളുടെ എണ്ണമറ്റ കൂട്ടം രാജാവിന് കോറസ് പാടാൻ മത്സരിക്കുമ്പോൾ ആ കൂട്ടത്തിൽ നിന്ന്   തിരിഞ്ഞു നടക്കാൻ കാണിച്ച ആ ധീരതയുണ്ടല്ലോ, ആ ധീരതക്ക് ഒരു ബിഗ് സല്യൂട്ട്, ഹൃദയത്തോട് ചേർത്ത് പിടിച്ച് ഒരു ഹഗ് 💗

ബഷീർ വള്ളിക്കുന്ന്